കേരളവും അറബി മലയാളവും: ഭാഷക്കുമപ്പുറത്തെ വ്യവഹാരങ്ങളും ഇടപെടലുകളും
പ്രീകൊളോണിയൽ കാലഘട്ടത്തെ മലബാർ മുസ്ലിംകളും വിശിഷ്യാ മാപ്പിളമാരുമെല്ലാം നിരക്ഷരരും വിദ്യാഭ്യാസം തൊട്ടുതീണ്ടാത്തവരുമാണെന്ന വാദമാണ് മുഖ്യധാരാ ചരിത്രമെഴുത്തിലും എഴുതപ്പെട്ട ചരിത്രങ്ങളിലുമെല്ലാം തഴച്ച് നിൽക്കുന്നത്. ആ വാദത്തിനെതിരെ പിൽക്കാലത്തെ എഴുത്തുകളും സാഹിത്യസംവേദനങ്ങളുമെല്ലാം അറബി മലയാളത്തെ ഉയർത്തിക്കാട്ടി പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും ' അറബി മലയാളത്തെ' കേവലമാത്ര മതാത്മകതയിലും വിശ്വാസത്തിലും ചുരുക്കിക്കെട്ടുന്ന ശ്രമങ്ങളാണ് പിന്നീടുണ്ടായിട്ടുള്ളത്. പക്ഷെ അറബികളുമായുള്ള വാണിജ്യബന്ധത്തിലൂടെ രൂപപ്പെട്ടുവെന്ന് കരുതപ്പെടുന്ന അറബി മലയാളം അറബ്-മാപ്പിള ബന്ധങ്ങളുടെ കേവലമാത്ര വൈവാഹികതയുടെയോ സാമൂഹികതയുടെയോ ബൈപ്രോഡക്ട് മാത്രമായിരുന്നില്ല, മറിച്ച് ഇരുവിഭാഗക്കാർക്കിടയിലുമുണ്ടായിത്തീർന്ന ദേശാനന്തര കച്ചവടം [Transnational trade relation], സാംസ്‌കാരിക കൈമാറ്റം, ജീവിത വ്യവഹാരം തുടങ്ങിയവകൾക്ക് മധ്യവർത്തിയായി നിലനിന്നിരുന്ന വസീലയെന്നോണം [Mediator] രൂപപ്പെട്ടതായിട്ട് വായിച്ചെടുക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഒരു കാലത്തെ കേരളീയ സാമൂഹിക സൃഷ്ടിയുടെ പരമപ്രധാനിയായ സ്രഷ്ടാവായിരുന്നു അറബി മലയാളമെന്ന നരേറ്റീവാണ് ആധുകാല സാമൂഹിക-നരവംശ പണ്ഡിതരുടെയെല്ലാം ഭാഷ്യം. അതോടൊപ്പം ആദ്യം കാല കേരളചരിതത്തിന്റെ പ്രധാന ഭാഗങ്ങളും മുസ്ലിം സംബന്ധിയായിരുന്നുവെന്നത് കൊണ്ട് തന്നെ ആദ്യകാല മുസ്ലിം സമൂഹത്തിന്റെ അതിജീവനത്തിനും നവോത്ഥാനത്തിനും പ്രേരകമായിട്ട് [Motive] കൂടി അറബി മലയാളത്തെ കാണേണ്ടതുണ്ട്. ഇതൊരു സ്വതന്ത്ര ഭാഷയാണെന്നും അറബിയുമായിട്ടോ അല്ലെങ്കിൽ മലയാളവുമായിട്ടോ അതിനെ കൂട്ടിച്ചേർത്ത് അതിന്റെ മൗലികത തകർക്കരുതെന്ന് പോലും പിൽക്കാലത്ത് ഭാഷാ പണ്ഡിതർ വാദിച്ച് വരാൻ മാത്രം സമ്പന്നതയും നൈതികതയും ഇതിനുണ്ടായിരുന്നുവെന്നതാണ് അതിലേറെ ആശ്ചര്യാജനകം.
ഒരു ഭാഷയുടെ രൂപം കൊള്ളലും പ്രയാണവും
കേരളത്തിന്റെ വൈദേശിക വാണിജ്യ ചരിത്രത്തിന്റെയും കേരളത്തിന്റെ തന്നെ ഇസ്ലാമിക ചരിത്രത്തിന്റെയും ഉറവിടബിന്ദു ഒന്നായത് കൊണ്ട് തന്നെ കേരത്തിലുണ്ടായിത്തീർന്ന മാപ്പിള-അറബ് ഭാഷയുടെ [അറബി മലയാളം] ചരിത്രത്തിനും മേല്പറഞ്ഞ ബൈനറികളുടെയത്ര തന്നെ പഴക്കമുണ്ടെന്ന് തന്നെയാണ് ചരിത്രം പറയുന്നത്. പുറത്തൂർ ശ്രീധരൻ തന്റെ 'കേരള ചരിത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നത് പ്രകാരം [ഹിന്ദുക്കൾ കഴിഞ്ഞാൽ ഏറ്റവും പ്രധാനികളായിരുന്നു മൂറുകൾ (അറബികൾ). രാഷ്ട്രീയ അധികാരത്തിലും സ്വാധീനത്തിലും അവർ നായന്മാർ ഒഴികെ മറ്റാരുടെയും പിന്നിലായിരുന്നില്ല] അറബികളുടെ കേരളത്തിലേക്കുള്ള ആഗമനവും ശേഷമുള്ള ജീവിതവും പ്രധാനമായും മുസ്ലിംകളുമായിട്ട് ഇടപഴകിയിട്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ അന്ന് മുതൽ തന്നെ അവരുടെയിടയിൽ ഈ വ്യവഹാര ഭാഷ രൂപംകൊള്ളാൻ തുടങ്ങിയിട്ടുണ്ടാവണമെന്നും അതിനാൽ അതിന്റെ പഴക്കം അവരോളം തന്നെയുണ്ടെന്നും സംഗ്രഹിച്ച് മനസ്സിലാക്കാൻ സാധിക്കും . കൂടാതെ പ്രവാചക കാലത്ത് തന്നെ അഥവാ എ.ഡി 624-ൽ ഇസ്ലാം കേരളത്തിൽ എത്തിയിട്ടുണ്ടെന്ന വാദവും അതല്ല, ചേരമാൻ പെരുമാൾ രാജാവിന്റെ ഇസ്ലാംമതാശ്ലേഷണവും അതിനെ തുടർന്നുള്ള മക്കാ യാത്ര മുഖേനയുമാണ് കേരളത്തിൽ ഇസ്ലാമും അറബികളും എത്തിയതെന്ന വാദവും ഒരുമിച്ചെടുത്ത് പരിശോധിച്ചാൽ തന്നെയും ചുരുങ്ങിയ പക്ഷം ഏഴാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാം കേരളത്തിൽ വേരോടിയിട്ടുണ്ടെന്നും അതിന് കാരണക്കാരായ അറബികളുടെ സ്വാധീനം മൂലം വാണിജ്യഭാഷയായി ഈ അറബിമലയാളം അക്കാലത്ത് തന്നെ ഉരിത്തിരിഞ്ഞിട്ടുണ്ടാവണമെന്നുമുള്ള നരേറ്റീവും ഒരു വശത്ത് ശക്തമായി നിലകൊള്ളുന്നുണ്ട്.
എന്നിരുന്നാലും ഒദ്യോഗിക ചരിത്രപക്ഷമനുസരിച്ച് കേരളത്തിൽ ഇടകലർന്നു ജീവിക്കുന്ന അറബികൾക്ക് കച്ചവടാവശ്യങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും ഒരു ഭാഷാമാധ്യമം ആവശ്യമായി വരികയും ഈ സമസ്യയെ അതിജീവിക്കാൻ അറബി മലയാളം എന്ന ഭാഷാവിഷ്‌കാരത്തിലേക്ക് അവർ എത്തിച്ചേരുകയും ചെയ്തത് ഏകദേശം ഒമ്പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ആണെന്ന് കരുതപ്പെടുന്നു. ഈ കണക്കനുസരിച്ച് തുഞ്ചത്തെഴുത്തച്ഛൻ മലയാളഭാഷയെ ഒരു ഏകീകൃതഭാഷയായി ഉയർത്തുന്നതിന് നൂറ്റാണ്ടുകൾ മുമ്പ് തന്നെ കേരളത്തിൽ അറബി മലയാളം വേരോടിയിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാം. അതായത് മുസ്ലിമേതര മലബാർ ദേശവാസികൾ സാക്ഷരതാ കൈവരിക്കുന്നതിനും മുൻപ് തന്നെ 'നിരക്ഷരരായ' മാപ്പിളകൾ സാക്ഷരരായിത്തീർന്നിരുന്നുവെന്ന് സാരം. അതോടൊപ്പം അറബി മലയാളമെന്നത് അറബികൾ മുഖേന വിജ്ഞാനം നേടിയ മാപ്പിള സമൂഹത്തിന്റെ സൃഷ്ടിയാണെന്നും അഭിപ്രായമുണ്ട്. മതാനുഷ്‌ഠാനമുറകളും മറ്റു ആധ്യാത്മിക അധ്യാപനങ്ങളും എഴുതിവെക്കുന്നതിന് ശിഷ്ട ഭാഷകൾ ഉപയോഗിക്കുന്നതിന് അവർ ഒരുക്കമല്ലായിരുന്നുവെന്നും എന്നാൽ മതകാര്യങ്ങളും വിശുദ്ധ വചനങ്ങളും അറബി ലിപിയിൽ തന്നെ എഴുതണമെന്ന നിർബന്ധബുദ്ധി അവർ വച്ചുപുലർത്തിയിരുന്നുവെന്ന വാദവുമാണ് ഈ നിഗമനത്തിന്റെ ന്യായം. മാത്രമല്ല , അക്കാലഘട്ടത്തിൽ മറ്റു മലയാളഭാഷാ വകഭേദങ്ങൾക്ക് ഒരു ലിഖിതരൂപം ഇല്ലാതിരുന്നതുകൊണ്ട് തന്നെ മാപ്പിള മലയാളത്തിന്റെ വരമൊഴിയായി ഗണിക്കപ്പെടുന്ന അറബി മലയാളത്തിന് ഏറെ പ്രചാരം ലഭിക്കുവാൻ ഇടയുണ്ടായതായും ചരിത്ര രേഖകളിൽ കാണാം.
വാണിജ്യവിനിമയത്തിൽ തുടങ്ങി സാമൂഹിക പഥങ്ങളിലേക്ക്
സാഹിത്യപരമായും വൈജ്ഞാനികപരമായും ശാഖകളുള്ള അറബി മലയാളത്തിന്റെ ഗദ്യ-പദ്യ സംഹിത മുസ്ലിം കൈരളിയെ ആത്മീയ സൂഫി ചിന്തയുടെ പൊരുളുകൾ ഉൾക്കൊള്ളുന്നതിനും വൈവിധ്യമാർന്ന ജ്ഞാനമുന്നേറ്റത്തിനും അത്യധികം സഹായിച്ചിട്ടുണ്ട്. വിജ്ഞാനമേഖലയിൽ ഉരുത്തിരിഞ്ഞു വന്ന ഗദ്യ രൂപങ്ങൾ മുസ്ലിമുകൾക്കിടയിലും മറ്റു സാഹിത്യ സൃഷ്ടികൾ ജാതിഭേദമന്യേ എല്ലാ തരക്കാർക്കുമിടയിലും വലിയ രീതിയിലുള്ള ചലനം സൃഷ്ടിച്ചു. അറബി മലയാള പദ്യ-സാഹിത്യ വിഭാഗത്തിൽ ആദ്യമായി മഷി പുരണ്ട മുഹ്യുദ്ദീൻ മാലയുടെ ചരിതത്തിൽ മുഹിയുദ്ധീൻ ശൈഖ് എപ്രകാരമാണോ തന്റെ ആത്മീയ ഇടപെടലുകൾ കൊണ്ട് സമൂഹത്തെ സ്വാധീനിച്ചത് അപ്രകാരം തന്നെ കേരള മുസ്ലിം സമൂഹത്തിന്റെ വ്യക്തിജീവിതത്തിൽ അതിന്റെ ഭാഷയും രീതിയും സ്വാധീനിച്ചതായി കാണാൻ കഴിയും. അതുകൊണ്ടാണ് അക്ഷരവിദ്യാഭ്യാസമില്ലാത്ത നൂറ് വയസ്സായ വല്യുമ്മമാർക്ക് പോലും അറബി മലയാളത്തിലൂടെ പ്രസിദ്ധിയാർജ്ജിച്ച വരികളും ഈണങ്ങളും പഠിക്കാതെ തന്നെ ഹൃദ്യസ്ഥമായതും. കൂടാതെ ബദർ മാല, നഫീസത്ത് മാല, മമ്പുറം മാല, മലപ്പുറം മാല തുടങ്ങിയ പ്രചുരപ്രചാരം നേടിയ അനേകം മാലപ്പാട്ടുകൾ ഒരുകാലത്തെ കേരളീയ മുസ്ലിം ഉമ്മത്തിനെ സാമൂഹ്യബോധത്തിലേക്കും സൽകർമ്മ ചിന്തകളിലേക്കും കൈപിടിച്ചുയർത്താൻ കാരണക്കാരായിട്ടുണ്ടെന്നതിന്റെയും പ്രഥമഹേതുവും ഈ ഭാഷയും അതിന്റെ ഭാഷേതര സ്വാധീനവുമാണ്.
അറബി മലയാള സാഹിത്യ സരണിയിൽ ഉടലെടുത്ത വിജ്ഞാന ഗ്രന്ഥങ്ങൾ - ചരിത്രം, കർമ്മശാസ്ത്രം, തത്ത്വശാസ്ത്രം, നിഘണ്ടു, ഖുർആൻ തർജ്ജുമ, വ്യാഖ്യാനം, ചരിതം എന്നിങ്ങനെ അനവധി വൈജ്ഞാനിക മണ്ഡലങ്ങളിൽ അസംഖ്യ സംഭാവനകൾ നൽകിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അറക്കൽ കൊട്ടാര അംഗവും പ്രഗത്ഭ പണ്ഡിതനും ആയിരുന്ന മായിൻകുട്ടി എളിയയുടെ 'തർജ്ജുമതു തഫ്‌സീരിൽ ഖുർആൻ' എന്ന ഗ്രന്ഥത്തിലൂടെയാണ് കേരളക്കരയിൽ തഫ്‌സീർ ഗ്രന്ഥങ്ങൾ വെളിച്ചം കാണാൻ തുടങ്ങുന്നത്. മാത്രമല്ല പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ വൈദ്യശാസ്ത്ര കയ്യെഴുത്ത് കൃതികൾ അറബി മലയാളത്തിൽ വ്യാപിക്കുന്നുണ്ട്. ഇത്തരത്തിൽ ജനസ്വാധീനം നേടിയ ഗ്രന്ഥശേഖരണങ്ങൾ 1950-ൽ അച്ചടി സൗകര്യം ലഭ്യമായപ്പോൾ എല്ലാ പ്രദേശങ്ങളിലും അച്ചടിച്ച് വരാൻ തുടങ്ങിയതായും കാണാം.
യൂറോപ്യൻ പാതിരിമാർ തങ്ങളുടെ പ്രബോധനാവശ്യാർത്ഥം അറബി മലയാളത്തിലും ബൈബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതും കേരളീയർക്കുള്ള ഡച്ചുകാരുടെ സംഭാവനയായ 'ഹോർത്തൂസ് മലബാറിക്കൂ'സിൽ ഓരോ ഇനത്തിന്റെയും പേരും വിവരങ്ങളും അറബി മലയാളത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന വസ്‌തുതയും അന്നത്തെ കേരളീയ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ അറബി മലയാള ഭാഷയുടെ സ്വാധീനത്തെ അടയാളപ്പെടുത്തുന്ന ചരിത്ര ഭാഗങ്ങളാണ്.
പിൽക്കാല അറബി മലയാളവും പരിഷ്കരണ ശ്രമങ്ങളും
മലയാളഭാഷയുടെ വളർച്ചക്കൊപ്പം അറബി മലയാളത്തെയും പരിഷ്കരിക്കുന്നതിൽ എടുത്തു പറയേണ്ട ഇടപെടലുകൾ മുൻകാല പണ്ഡിതരുടെ ഭാഗത്തുനിന്ന് തന്നെയുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ആദ്യമായി അറബി മലയാള ഭാഷയെ പരിഷ്‌കരണ വിധേയമാക്കുന്നത് ശുജാഈ മൊയ്തു മുസ്ലിയാരാണ്. മലയാള ഗദ്യ പദ്യ സമ്പത്തിലേക്ക് ഇദ്ദേഹം നൽകിയ സംഭാവനകളിൽ സഫലമാല, ഫൈളുൽ ഫയ്യാള്, ഫത്ഹുൽ ഫത്താഹ്, നഹ്ജുദ്ദഖാഇഖ് ഫീ ഇൽമിൽ ഹഖാഇഖ് എന്നീ ചരിത്ര പ്രസിദ്ധ രചനകൾ സാഹിത്യ മേഖലയിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നവകളാണ്. 87 ഇശലുകൾ ചേർത്ത് കോർത്തിണക്കിയ സഫലമാലയിൽ പ്രപഞ്ചോല്പത്തി മുതൽ മുഹമ്മദ് നബി (സ്വ) വരെയുള്ള ചരിത്ര സംഭവങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ഈ രീതിയിൽ ചരിത്ര യാഥാർഥ്യങ്ങളെ മുസ്ലിം കൈരളിക്ക് മുന്നിൽ അനാവരണം ചെയ്യുക എന്ന സദുദ്ദേശത്തിൽ ധാരാളം രചനകൾ അറബി മലയാളത്തിൽ രൂപം കൊണ്ടിട്ടുണ്ട്.
കാലത്തിന്റെ ഗതിക്കനുസരിച്ച് അറബി മലയാളത്തെ വാർത്തെടുക്കാൻ അഹോരാത്രം പ്രയത്നിച്ച ധാരാളം പണ്ഡിത പ്രമുഖരുണ്ട്. സനാഉല്ലാഹ് മക്തി തങ്ങൾ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവി, ആലപ്പുഴ സുലൈമാൻ മുസ്ലിയാർ തുടങ്ങി അനേകം മഹദ് വ്യക്തിത്വങ്ങൾ അറബി മലയാളലിപി പരിഷ്കരണത്തിന് മുന്നിട്ടിറങ്ങിയവരിൽപ്പെട്ടവരാണ്.സനാഉല്ലാഹ് മക്തി തങ്ങൾ തന്റെ 'മുഅല്ലിമുൽ ഇഖ്‌വാൻ' എന്ന കൃതിയിലൂടെ ഈ പരിഷ്കൃത ലിപി സമൂഹത്തിന് പരിചയപ്പെടുത്തി. ഇത്തരത്തിലുള്ള പരിഷ്കരണത്തിലൂടെ നാട്ടുവാക്കായ മലയാളം തള്ളപ്പെടാൻ പാടുള്ളതല്ല എന്നും അദ്ദേഹം സമർഥിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഉറുദു ലിപി മാതൃകയിലുള്ള ഈ പരിഷ്കരണത്തെ അടിസ്ഥാനമാക്കിയാണ് മുഹ്യുദ്ദീൻ മാലയുടെ വ്യാഖ്യാനമായ ഖുർറത്തുൽ ഐനിന്റെ രചയിതാവ് അടിമ മുസ്ലിയാരുടെ 'ഇബ്റാസുൽ ഹിദായ ഫീ ശർഹി ബിദായത്തിൽ ഹിദായ' എന്ന ഗ്രന്ഥം രൂപം കൊണ്ടത്.
ഈ രംഗത്ത് പ്രസിദ്ധവും ആധികാരികവുമായ മിനുക്കുപണി നടത്തിയത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു. വായനയിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടും മക്തി തങ്ങളുടെ ചില പിഴവുകളുമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയെ ഈ ദൗത്യത്തിലേക്ക് നയിച്ചത്. കേരളീയ മുസ്ലിമുകൾ ഒന്നടങ്കം അദ്ദേഹത്താൽ പരിഷ്കൃതമായ ലിപിയുടെ പിന്തുടർച്ചക്കാരാകുന്ന രംഗമാണ് പിന്നീട് കാണാൻ സാധിക്കുന്നത്. അങ്ങനെ അദ്ദേഹം അറബി മലയാള ലിപികളുടെ പരിഷ്കർത്താവായി അറിയപ്പെട്ടു.
എന്നാൽ മുസ്ലിം നവോത്ഥാനത്തിന്റെ ഏറിയ പങ്കും വഹിച്ച ബൃഹത്തായ ഒരു ഭാഷാ സംഹിത വേണ്ടത്ര പൈതൃക സംരക്ഷണങ്ങൾക്ക് വിധേയമായിട്ടില്ലെന്നതാണ് വേദനാജനകം. ഒരു കാലത്തെ സാമൂഹിക മുന്നേറ്റങ്ങൾക്കും മുസ്ലിം അതിജീവനത്തിനും സ്വത്വ രൂപീകരണത്തിനുമൊക്കെ വഴിയൊരുക്കിയിരുന്ന അറബി മലയാളം ഇന്ന് വെറും പൗരാണിക ഗ്രന്ഥങ്ങളിൽ മാത്രമായി ഒതുങ്ങിത്തീരുന്ന കാഴ്ചയാണ് നിലവിലുള്ളത് . ഈയൊരു അവസ്ഥയിലേക്ക് അറബി മലയാളത്തെ നയിച്ചതിന്റെ പ്രധാന കാരണം അധികാര പിന്തുണയില്ലായ്‌മയും ഭാഷയുടെ പരിഷ്കരണങ്ങളോട് അതിന്റെ വക്താക്കൾ പുറം തിരിഞ്ഞ് നിന്നതുമാണ്. അതോടൊപ്പം തന്നെ മാപ്പിളമാർ തങ്ങളുടെ മതഭാഷയായി ഗണിച്ചിരുന്ന അറബി മലയാളത്തെ എക്കാലത്തും അതിൽ തന്നെ തളച്ചിടുന്നതിൽ പിൽക്കാല ചരിത്രമെഴുത്തുകാരും മുഖ്യധാരാ പഠിതാക്കളും ഒരുപരിധി വരെ വിജയിച്ചതും അതിന്റെ പ്രസക്തി ക്രമേണ ക്രമേണ ഇടിഞ്ഞില്ലാതെയാവാൻ കാരണമായിട്ടുണ്ട്. അങ്ങനെയാണ് കേരളത്തിലെ പൊതുസമൂഹങ്ങൾക്ക് അറബി ഭാഷയോടുള്ള അന്യതാമനോഭാവം വളരുന്നതും അവർ ഇതിനെ ഒരു അപരിഷ്കൃത ഭാഷയായി ചാപ്പ കുത്തുകയോ കേവലമൊരു മാപ്പിള ഭാഷയായി ചുരുക്കിക്കെട്ടുകയോ ചെയ്യുന്നതും.
അവലംബം
1. കേരള ചരിത്രം - പുറത്തൂർ ശ്രീധരൻ (എച്ച് & സി ബുക്സ്)
2. 1921-2021: കേരള മുസ്ലിംകൾ - നൂറ്റാണ്ടിന്റെ ചരിത്രം (വചനം ബുക്സ്)
3. അറബി മലയാള സാഹിത്യം: അതിജീവനവും പാർശ്വവൽക്കരണവും - മുഹമ്മദ് ഖാസിം ഇ. (ഐ.പി.ബി. ബുക്സ്)
4. മാപ്പിള സാഹിത്യവും മലയാള ഭാവനയും - ഡോ. വി. ഹിക്മത്തുല്ല (ബുക്ക് പ്ലസ്)
5. അറബി ഭാഷ കേരളത്തിൽ - എ. കൊടിയത്തൂർ (വചനം ബുക്സ്)
6. കേരള മുസ്ലിംകൾ: വേരും അടയാളങ്ങളും - ഡോ. മോയിൻ ഹുദവി മലയമ്മ (അൽ മുനീർ 2022 എഡിഷൻ)
7. മുസ്ലിം സ്വത്വത്തെ രൂപപ്പെടുത്തിയ അറബി ഭാഷയും സാഹിത്യവും - ഡോ. അബ്ദുറഹ്മാൻ ഫൈസി മുല്ലപ്പള്ളി (അൽ മുനീർ 2022 എഡിഷൻ)
8. അറബി മലയാളം: ഭാഷ, സാഹിത്യം, സംസ്കാരം - സി. ഹംസ (അൽ മുനീർ 2022 എഡിഷൻ)
9. മൗലാനാ ചാലിലകത്ത്: വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ രാജശില്പി - മൻസൂർ പാങ്ങ് (വെളിച്ചം മാസിക)
നഫീസ അൽബിശ
റിസർച്ച് സ്കോളർ , ദാറുൽ ബനാത് അക്കാദമി , ഇടപ്പള്ളി
Log in to like this article.